കഫീല്‍
നാട്ടില്‍ പോയി തിരിച്ചു വരുമ്പോഴക്കെ അയാള്‍ തന്റെ സ്പോണ്‍സര്‍ ആയ ജുവൈരിയ ബിന്‍ത് അലി എന്ന സ്ത്രീക്ക് സമ്മാനിച്ചിരുന്നത് നല്ല മധുരമുളള തേന്‍വരിക്ക ചക്കയായിരുന്നു . അതവര്‍ക്ക് വലിയ പ്രിയവുമായിരുന്നു. സ്പോണ്‍സര്‍ മാരുടെ കനിവിലാണല്ലോ ഇവിടെ ഓരോരുത്തരുടെയും നിലനില്പ് തന്നെ .
ഇപ്പോല്‍ പ്രശ്നമതൊന്നുമല്ല അവരില്‍ നിന്നും എത്രയും പെട്ടെന്ന് തനാസില്‍(വിടുതല്‍ രേഖ) വേണം . അല്ലെങ്കില്‍ ലഭിച്ച ജോലി നഷ്ടമാകും .ഇന്നലെയും അക്കര്യത്തെകുറിച്ചു സൂചിപിച്ചപ്പോള്‍ കേട്ട ഭാവം പോലും നടിചിരുന്നില്ല .
ഇനി എന്താണൊരു മാര്‍ഗം ? അയാള്‍ അവരുടെ വീട്ടുപടിക്കല്‍ നിന്നും ഒരല്പം തലപുകയാന്‍ തുടങ്ങി.
കോളിംഗ് ബെല്‍ കേട്ടപ്പോള്‍ അവര്‍ തന്നെയാണ് വന്നത് . സാധാരണ വാതില്‍ തുറക്കാറുള്ള ആന്ത്രക്കാരി ഖന്താമ (ആയ ) എവിടെ പോയി ,ആവോ .
അയാളെ കണ്ട മാത്രയില്‍ അവര്‍ക്ക് കാര്യം പിടികിട്ടി . ഒരല്പനേരം അവര്‍ അങ്ങനെ നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല . പിന്നീട് ഒരു മുഖവുരയുമില്ലാതെ അവര്‍ പറഞ്ഞു . "അബ്ദുല്‍ റഹീം മാ ആത്തി തനാസില്‍ "(തരില്ല രേഖ )
ഇതുകേട്ടപ്പോള്‍ അയാള്‍ ഒരല്പം ചൂടായി. അറിയാവുന്ന അറബിയിലും ഇന്ഗ്ലിഷിലുമൊക്കെ അയാള്‍ ചോദിച്ചു .
"എന്നെ ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് എന്താണ് നഷ്ടം ?"
"ഫനസ്"(ചക്ക) അവര്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി .
ഇതു കേട്ടപ്പോള്‍ അയാള്‍ വല്ലാതായി. എങ്കിലും മുഖത്ത് പ്രസന്നത വരുത്തി പുതിയൊരു അടവ് പയറ്റാന്‍ തുടങ്ങി .
"മാമാ -ഇതാണോ ഇത്ര വലിയ കാര്യം .ചക്കക്കുരു പാകിയാല്‍ ഒരാഴ്ച വേണ്ട മുളക്കാന്‍ -പിന്നെ വേഗമത് ചെടിയാകും -ചെടി വളര്‍ന്നു വളര്‍ന്നു മരമാകാന്‍ കവിഞ്ഞു വന്നാല്‍ ഒരു മാസം .തുടര്‍ന്ന് മരം നിറയെ ......."
ഒരല്പം നേരം അവര്‍ ഇതൊക്കെ കേട്ടു നിന്നു. പിന്നെ മുഖത്ത് നേരിയൊരു പരിഹാസച്ചിരിയോടെ തനി പച്ചമലയാളത്തില്‍ പറഞ്ഞു.
"എടാ പൊന്നുമോനെ അധികം വിളയാതെ -വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നെ കല്ലായിയില്‍ നിന്ന്‍ കെട്ടി കൊണ്ടു വരുന്നതിന് മുമ്പ് ഞാനും പ്ലാവും ചക്കയൊക്കെ കണ്ടതാണ് മോനെ ....."
അയാള്‍ വിയര്‍ക്കാന്‍ തുടങ്ങി. ഇന്നലെ വരെ അറബിയായി കണ്ട ഇവര്‍ തനി മലയാളിയോ ?.ആകെയൊരു ചമ്മല്‍ .ആ പരുങ്ങല്‍ കണ്ടിട്ടാവണം അവര്‍ ഒരല്പം തമാശ രൂപത്തില്‍ ഒരു ഡയലോഗ് കൂടി കാച്ചി.
"പോ - മോനെ - ദിനേശാ ......."
റസാക്ക് പള്ളിക്കര